കൽപ്പറ്റ: മാധ്യമപ്രവർത്തകർ ജനങ്ങളെ പഠിപ്പിക്കുകയല്ല, അവരിൽനിന്നു പഠിക്കുകയാണ് ചെയ്യേണ്ടതെന്ന് എഴുത്തുകാരൻ ഒ.കെ. ജോണി. വയനാട് പ്രസ്ക്ലബിൽ വി.ജി. വിജയൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാധ്യമ-സമൂഹിക-സാംസ്കാരിക പ്രവർത്തകനായിരുന്ന വി.ജി. വിജയന്റെ ഒന്പതാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി വയനാട് പ്രസ്ക്ലബും അനുസ്മരണ സമിതിയും സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു അനുസ്മരണം. അധികാരകേന്ദ്രങ്ങളോട് ചോദ്യം ചോദിക്കുക മാധ്യമപ്രവർത്തകരുടെ പ്രാഥമിക ഉത്തരവാദിത്വമാണെന്ന് ജോണി പറഞ്ഞു. ഭരണകൂടങ്ങളുടെ മർദന ഉപകരണമായി മാധ്യമങ്ങളിൽ പലതും മാറി. ഭരണകൂടത്തെ ഭയന്ന് സ്വയം സെൻസർഷിപ്പിന് തയാറാകുന്ന മാധ്യമങ്ങളുടെ എണ്ണം വർധിക്കുകയാണ്.
ഈ സാഹചര്യത്തിലും സാമൂഹിക ഉത്തരവാദിത്വവും യുക്തിബോധവും ഉണ്ടെങ്കിൽ സങ്കുചിത താത്പര്യങ്ങളെ മറികടന്ന് ജനങ്ങൾക്കുവേണ്ടി നിലകൊള്ളാൻ മാധ്യമപ്രവർത്തകർക്ക് കഴിയും. മനുഷ്യപ്പറ്റ് ഉള്ളതാകണം മാധ്യമവൃത്തി. എന്തിനുവേണ്ടിയാണ് എഴുതുന്നതെന്നും പറയുന്നതെന്നുമുള്ള കാഴ്ചപ്പാട് ഉണ്ടാകണം. ജനപക്ഷത്തുനിന്നുള്ള മാധ്യമപ്രവർത്തനമാണ് വിജയനെ വ്യത്യസ്തനാക്കിയതെന്നും ജോണി പറഞ്ഞു.
അനുസ്മരണ സമിതി ചെയർമാൻ വിജയൻ ചെറുകര അധ്യക്ഷത വഹിച്ചു. വി.ജി. വിജയന്റെ ഭാര്യ പി.കെ. വനജ, മകൾ അമൃത വിജയൻ, ബി. രാധാകൃഷ്ണപിള്ള, അനുസ്മരണ സമിതി സെക്രട്ടറി സലാവുദ്ദീൻ കടവൻ, ഷഫീഖ് മുണ്ടക്കൈ, എം. പുഷ്കരാക്ഷൻ, ഷിബു പോൾ, ഒ. മുസ്തഫ, ടി.എം. ജയിംസ്, പ്രസ്ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ അനുസ്മരണ സമിതി നിർവാഹക സമിതിയംഗം പി.എം. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.